Jul 14, 2011

ഓര്‍മ്മകളില്‍ ഒരു പ്രണയം

ഒരിക്കല്‍ പിന്നിട്ട  വഴികളിലൂടെയെല്ലാം ,
ഒന്നുകൂടെ  നടക്കണം എന്ന്   മനസ്സ്  വല്ലാതെ കൊതിച്ചപ്പോഴാണ് ,
പഴയ കോളേജ്   ജീവിതത്തിന്‍റെ ബാക്കിപത്രമായ ,ഓട്ടോഗ്രാഫ്   പൊടി തട്ടിയെടുത്തത്
അതിലെ   ഓരോ  വരികളിലും  അന്നത്തെ   കാലഘട്ടത്തിന്‍റെ  സ്പന്ദനങ്ങളും  ,ഓര്‍മകളും തങ്ങി  നിന്നിരുന്നു .
നീണ്ട  ഇടനാഴിയിലൂടെ   കലപില  ബഹളം  വച്ച്  വരുന്ന    ഞങ്ങളുടെ  വാനരസേന  ......
 അപ്പുറത്ത്  നിന്നും  എസ് എഫ്  ഐ ക്കാരുടെ     മുദ്രാവാക്യങ്ങള്‍   ഉയര്‍ന്നു  കേള്‍ക്കുന്നു  ......
ക്യാമ്പസിനെ കുറിച്ചോര്‍ക്കുമ്പോള്‍   ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന  ചിത്രം ..........


പഴയ  പുസ്തക  കെട്ടുകളുടെയും  ഗ്രീറ്റിംഗ്  കാര്‍ഡ്സുകളുടെയും ഇടയില്‍   ഞാന്‍    വളരെ   നാളായി   കാത്തുസൂക്ഷിച്ച   വിലപ്പെട്ട   എന്തോ   ഒന്ന് തിരയുകയായിരുന്നു  ,..
ഒടുവില്‍    ഷേക്സ്പിയറിന്‍റെ  ഒഥല്ലോയുടെ  താളുകള്‍ക്കിടയില്‍    നിന്നും
  അത് ഊര്‍ന്നു   നിലത്തേക്ക്  വീണു , എനിക്ക്  ആദ്യമായി  ലഭിച്ച   പ്രേമലേഖനം  ........
അത്  ഒരു  ലവ് ലെറ്റര്‍  ആണോ  എന്ന്  ചോദിച്ചാല്‍  ,അത്  കാണുന്ന  നിങ്ങള്ക്ക്  തോന്നും  എനിക്ക്   ഭ്രാന്താണ്  എന്ന്  .........
കാരണം  ........ അത്   ഒരു  ഡയറി മില്‍ക്ക്  ചോക്ലേറ്റിന്‍റെ റാപ്പര്‍  ആയിരുന്നു   .............പക്ഷെ   ഒരുകാലത്ത്  എനിക്കേറ്റവും  വിലപ്പെട്ട  നിധിയായിരുന്നു   അത്  .........അതില്‍  ഇങ്ങനെ   എഴുതിയിരുന്നു  ....." ഇഷ്ടമാണ്  ഒരുപാടു  ഒരുപാട് ".  ബോട്ടണി  ലാബിലേക്ക്   പോവുന്ന   വഴിയിലുള്ള   കോണിപടിയുടെ ചുവട്ടില്‍  വച്ച്  അവന്‍  അത്  തന്നപ്പോള്‍ ,ആദ്യമായി  ഒരാള്‍  ഇഷ്ടം  അറിയിച്ചതിന്‍റെ  സന്തോഷം   എന്‍റെ  മുഖത്ത്  പ്രകടമായി  .ഞാനാണീ  ലോകത്തിലേക്കും  ഏറ്റവും   ഭാഗ്യം  ചെയ്തവള്‍  എന്ന ഭാവമായിരുന്നു  ......... ഉള്ളാലെ  സന്തോഷിക്കുമ്പോഴും    കൂട്ടുകാര്‍   ആരും  ഇതറിയരുതെ  എന്ന  മൌനപ്രാര്‍ത്ഥന   എന്‍റെ   ഉള്ളില്‍   ഉണ്ടായിരുന്നു  .


ക്യാമ്പസിലെ   ,മരങ്ങളും  ,ഇടനാഴിയും   കോണി പടിയും   ബെഞ്ചുകളും   ഡസ്കുകളും   ഞങ്ങളുടെ   മൌനപ്രണയം   അഞ്ചു  വര്‍ഷം രഹസ്യമായി   സൂക്ഷിച്ചു .ഒടുവില്‍  ആരും  അറിയാത്ത  ഒരു  പ്രണയവും ഉള്ളിലൊതുക്കി ഞാനും  അവനും  ആ  കലാലയത്തില്‍  നിന്നും   പടിയിറങ്ങി  .........


വീണ്ടും  കാണാം  എന്ന്  പറഞ്ഞു  എന്നെ  യാത്രയാക്കിയ  അവന്‍  ഒരിക്കലും  അവസാനിക്കാത്ത   ഒരു  യാത്ര   തുടങ്ങിയെന്നു  ഞാന്‍  അറിയുന്നത്  ,പിറ്റേ  ദിവസം  രാവിലെ  പത്രം  കണ്ടപ്പോഴാണ്  .
 അങ്ങനെ     ഞങ്ങളുടെ   പ്രണയം  ആ  കലാലയത്തിന്‍റെ   നാലു ചുവരുകള്‍ക്കുള്ളില്‍   മൂടപെട്ടു .... ....


പഴയ പുസ്തക കെട്ടുകളിലെ  പൊടിയടിച്ചു  ഓര്‍മ്മകള്‍ തുമ്മല്‍ പോലെ പുറത്തേക്കു ചാടിയപ്പോള്‍ , അതെല്ലാം ഒതുക്കി പഴയ പോലെ തന്നെ വെച്ചു
 ഞാന്‍ എന്‍റെ ചാരുകസേരയില്‍ മഴയും നോക്കി കിടന്നു .