Jul 4, 2009

സുഹൃത്ത്‌


അന്ധകാരം മൂടിയ ഹൃദയത്തിന്‍ അഗാധകയങ്ങളിലേക്ക് നോക്കി,
ഞാന്‍ എന്നോട് തന്നെ ചോദിച്ചു ,
നീ എന്റെ ആരായിരുന്നു?
ആത്മാവിലൂറുന്ന സ്വപ്നങ്ങളാം വാക്കുകളില്‍
ഞാന്‍ കടഞ്ഞെടുത്ത കവിതകളുടെ ആരാധികയോ?
എന്റെ ഹൃദയതന്ത്രികളില്‍ വിധിമീട്ടിയ
സംഗീതത്തിനു ശോകത്തിന്‍ നിറം ഉണ്ടെന്നു അറിഞ്ഞു,
എന്നെ ആശ്വസിപ്പിച്ച സഹോദരിയോ?
സുഖദുഃഖങ്ങള്‍ നിറഞ്ഞ ജീവിതമാണു ,
മരണത്തെക്കാള്‍ ഉത്തമം എന്ന്,
എന്നെ പഠിപ്പിച്ച മാര്‍ഗദര്‍ശിയോ ?

ആത്മാവില്‍ കരിന്തിരി കത്തിയപ്പോള്‍ ,
പരന്ന അന്ധകാരത്തെ കുറിച്ചു ചിന്തിക്കാതിരികാന്‍
എന്നോട് ചൊല്ലിയ ആത്മസഖിയോ?
സങ്കടങ്ങളാംതിരമാലകള്‍ക്ക്ക്കിടയിലെ ,
ചെറിയ ചിപ്പികളാം സന്തോഷങ്ങളെ
സ്നേഹിക്കാന്‍ പറഞ്ഞ മാലാഖയോ?
സ്വപ്നങ്ങളൊന്നും യാഥാര്‍ഥ്യമല്ലെങ്കിലും ,
യാഥാര്‍ഥ്യമാവത്തതിനെ സ്വപ്നം,
എന്ന് വിളിച്ച പ്രിയതോഴിയോ?

സ്ത്രീപുരുഷ ബന്ധങ്ങളില്‍ പ്രേമത്തേക്കാളുപരി,
ഒരു സ്നേഹം ഉണ്ടെന്നു എന്നെ പഠിപ്പിച്ച സുഹൃത്തേ....
എന്റെ ആത്മാവിന്റെ പുസ്തകത്താളുകള്‍ക്ക്ക്കുള്ളില്‍ ,
ഞാന്‍ സൂക്ഷിക്കുന്ന ആലിലയാണു നിന്‍ വാക്കുകള്‍.
നിന്‍ മുഖം ഞാന്‍ എന്റെ നിറയെ പേജുകളുള്ള .
തടിച്ച ചട്ടകളോടുകൂടിയ ഹൃദയത്തില്‍,
ഒരു മയില്‍പീലിയായ്‌ സൂക്ഷിക്കും,
ആ പുസ്തകം നശിക്കും വരെ....

നഷ്ടസുഗന്ധങ്ങള്‍

പാല്‍ നിലാവ് തൂവും രാവുകളില്‍ നീ,
എന്നരുകില്‍ വന്നതും.
മുല്ലകള്‍ പൂക്കും ആളില്ലാത്ത ഇടവഴികളിലൂടെ,
കൈകള്‍ കോര്‍ത്ത്‌ നാം നടന്നതും.
മൂവാണ്ടന്‍ മാവിന്‍ തണലില്‍ വച്ചു ഞാന്‍ എത്ര തവണ,
നിന്നില്‍ വരണമാല്യം ചാര്‍ത്തിയതും,
എല്ലാം എനിക്ക് മറക്കാന്‍ കഴിഞ്ഞെങ്കില്‍....

നിന്‍ തുടുത്ത കവിളുകളില്‍ തുളുമ്പുന്ന,
സിന്ദൂരത്തിനായി എന്‍ അധരങ്ങള്‍ അടുപിച്ചപ്പോള്‍,
നീ നഖം കൊണ്ടു നുള്ളിയതിന്റെ വേദന,
ഞാന്‍ എങ്ങനെ മറക്കും?

നീ പാടിയ രാഗങ്ങളില്‍ ,
ഞാന്‍ ഒരു രാഗമേഘമായി അലിഞ്ഞു.
നീ അണിഞ്ഞ ചന്ദനകുറിയില്‍ ,
ഞാനൊരു നീല നിലാവിന്‍ കുളിരായി അലിഞ്ഞതും.
എല്ലാം ഇന്ന് എന്‍ നഷ്ടസുഗന്ധങ്ങള്‍‍.

Jul 1, 2009

മഴയുടെ താഢവം


മഴ അതാ തന്റെ രുദ്ര താഢവം തുടങ്ങിയിരിക്കുന്നു.
ജാലകത്തിന്നുള്ളിലൂടെ എന്നിലേക്ക്‌ ...
എന്റെ ആത്മാവിന്റെ ഉള്ളറകളില്ലേക്ക്‌ .....മഴത്തുള്ളികള്‍.
ഉടലാകെ കുളിര്‍ പെയ്യിക്കുന്നു , മഴയുടെ രുദ്ര താഢവം
എന്റെ മനസ്സും താഢവം ആടുകയാണ്...
മുടി അഴിച്ചിട്ടലറുന്ന ഭ്രാന്തിയെ പോല്‍ മഴ ആടുകയായ്‌.
ഞാനും ഒരു ഭ്രാന്തിയോ ?
അലറിയടുക്കുന്ന മഴയുടെ മുഖം എത്ര ഭീകരം,
എല്ലാം തകര്‍ത്താടിയ ശേഷം ,
ശാന്തമായി തന്റെ താഢവം നിറുത്തി ....
പെയ്തൊഴിയുകയായീ മഴ.